ദിംബം ചുരംകേറി ഗെര്‍മലത്തേക്ക്

വീരപ്പന്‍ വിളയാടിയ സത്യമംഗലം ടൈഗര്‍ റിസര്‍വ് ഫോറസ്റ്റിനോട് ചേര്‍ന്നു കിടക്കുന്ന കാര്‍ഷിക ഗ്രാമമാണ് ഗെര്‍മലം.ആനയും പുലിയും കരടിയുമെല്ലാം നിത്യ സന്ദര്‍ശകരായ പ്രകൃതി സൗന്ദര്യം കൊണ്ടും കാലാവസ്ഥ കൊണ്ടും അനുഗ്രഹിക്കപ്പെട്ട ഈ ഗ്രാമത്തിലൂടെയൊരു യാത്ര.

തമിഴ്നാട്ടിലെ ഈറോഡ്
ജില്ലയിലാണ് ഗെര്‍മലം സ്ഥിതി ചെയ്യുന്നത്.സത്യമംഗലത്തിലൂടെ യാത്ര തുടങ്ങിയപ്പോള്‍ തന്നെ മഴയും കൂടെ വന്നു.
അപകടം നിറഞ്ഞ വഴിയാണ് ഇത്.ദിംബം ചുരം അതിന്‍െറ സൗന്ദര്യത്തിനുമപ്പുറം അപകടങ്ങളും ഒളിപ്പിച്ചു വെച്ചിരിക്കുന്നു.ദിംബം ഗാട്ടില്‍ ഹെയന്‍പിന്‍ വളവുകളില്‍ നല്ല ശ്രദ്ധയോടെ വേണം വാഹനമോടിക്കാന്‍.കാടിന്‍െറ വശ്യതകളില്‍ മുഴുകി ഗെര്‍മലം പോകാനുള്ള റോഡ് മാറി പിന്നേയും കുറേ മുമ്പോട്ട് പോയി,ഒടുവില്‍ ചായ കുടിക്കാനായി നിര്‍ത്തിയപ്പോഴാണ് ഹസനൂര്‍ എത്താറായി എന്ന് മനസ്സിലായത്.ഒടുവില്‍ വണ്ടി തിരിച്ചു ഗെര്‍മലം റൂട്ടിലേക്ക്.

ഗെര്‍മലം റോഡിലേക്ക് കയറിയതോടെ മറ്റൊരു വാഹനങ്ങളും കാണാതെയായി.യൂക്കാലിത്തോട്ടങ്ങളും മലനിരകളുടെ വിദൂര ദൃശ്യങ്ങളും ആസ്വദിച്ച് യാത്ര തുടര്‍ന്നു.ഒടുവില്‍ ഗെര്‍മലം എന്നെഴുതിയ ബോര്‍ഡ് കണ്ടതോടെ സമാധാനമായി.അവിടെ കണ്ട ഒരാളോട് കാര്യങ്ങള്‍ തിരക്കി യാത്രയായി.മുന്നോട്ടുള്ള യാത്രയില്‍ ഒരു ചെറിയ വളവ് തിരിഞ്ഞതും മുന്നില്‍ ഒരു കിടിലന്‍ കരടി.വണ്ടിയൊന്ന് ചെറുതായി പാളി.കുറച്ചു സമയം മുഖത്തോട് മുഖം നോക്കി നിന്ന ശേഷം കരടി പതിയെ റോഡിലൂടെ മുന്നോട്ട് നടക്കാന്‍ തുടങ്ങി.ആ കാഴ്ചയും ആസ്വദിച്ച് നില്‍ക്കുന്നതിനിടയില്‍ രസംകൊല്ലിയായി എവിടുന്നോ ഒരു കാര്‍ ചീറി പാഞ്ഞു വന്നു,കരടിയെ കണ്ടതോടെ രണ്ടു ഹോണും.അതോടെ കരടി കാട്ടിലേക്ക് കയറി,ഞങ്ങള്‍ ഗെര്‍മലത്തേക്കും.

തമിഴ്നാട്-കര്‍ണ്ണാടക ചെക്ക്പോസ്റ്റും രണ്ടു ചായക്കടകളും ഫോറസ്റ്റ് ഓഫീസും ചേര്‍ന്നതാണ് ഈ അങ്ങാടി.ഓരോ ചായയും കുടിച്ച് ഇരുന്നു.താമസത്തിന് ലോഡ്ജുകളോ ഹോട്ടലുകളോ ഒന്നുമില്ലാത്തിടം.അടുത്ത ടൗണ്‍ കിട്ടണമെങ്കില്‍ പതിനഞ്ചു കിലോമീറ്റര്‍ പോണമെന്ന് ചായക്കടയിലെ ചേട്ടന്‍ പറഞ്ഞു.

ഗെര്‍മലത്തെ കൃഷിയിടങ്ങളാണ് പ്രധാന കാഴ്ചകള്‍.ഞങ്ങള്‍ പോയ സമയം കൃഷിക്കായുള്ള നിലമൊരുക്കുന്ന സമയമാണ്.വിളവെടുപ്പിന്‍െറ സമയത്ത് പോയാല്‍ മികച്ച കാഴ്ചകള്‍ കിട്ടും.ചോളമാണ് ഗെര്‍മലത്തെ പ്രധാന കൃഷി.ബീന്‍സ്,പയര്‍,റാഗി,കപ്പ മുതലായ വിളകളും കൃഷി ചെയ്യുന്നുണ്ട്.കൃഷിക്കു പുറമേ ഇവരുടെ പ്രധാന
വരുമാന മാര്‍ഗ്ഗമാണ് കാലിവളര്‍ത്തല്‍.എരുമ,കാള,ചെമ്മരിയാട് തുടങ്ങിയവയെ ആണ് പ്രധാനമായും വളര്‍ത്തുന്നത്.

ഊട്ടിയുടെ കാലാവസ്ഥയാണ് ഇവിടെയെന്ന് ചായക്കടക്കാരന്‍ പറഞ്ഞിരുന്നു.
വലിയ തണുപ്പില്ലെങ്കിലും നല്ല കാലാവസ്ഥയാണ്.കൃഷി സ്ഥലങ്ങളും കാടും യാത്രയില്‍ മാറി മാറി വരുന്നുണ്ട്.മുകളില്‍ ഒരു വീട്ടില്‍ കല്ല്യാണം നടക്കുന്നു.അതിന്‍െറ ഡപ്പാംകൂത്ത് പാട്ടുകളെയും പിന്നിലാക്കിയ യാത്ര വിശാലമായ തോട്ടങ്ങള്‍ക്കു മുന്നിലെത്തിച്ചു.അവിടെ പരിചയപ്പെട്ട ഫോറസ്റ്റുകാരന്‍ കൃഷികളെക്കുറിച്ചും മറ്റും പറഞ്ഞു.നിരവധി ട്രെക്കിംഗ് ട്രയല്‍സ് ഈ ഭാഗങ്ങളിലുണ്ടെന്നും സൂചിപ്പിച്ചു.ജഗദ്വസ്വാമി ക്ഷേത്രവും മാരിയമ്മന്‍ കോവിലും കണ്ട് ഗെര്‍മലത്തോട് വിടപറഞ്ഞു.സത്യമംഗലം,ചാമരാജ് നഗര്‍,കൊല്ലഗല്‍- ഈ റൂട്ടുകളിലൂടെയെല്ലാം ഇവിടെയെത്താം.